ബെംഗളൂരു∙ 2019 ല്‍ കര്‍ണാടകയിലെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമതനീക്കത്തില്‍ സിദ്ധരാമയ്യയ്ക്കും പങ്കുള്ളതായി വെളിപ്പെടുത്തി മുന്‍ മന്ത്രി കെ.സുധാകര്‍. അന്നത്തെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായിരുന്ന സുധാകര്‍ പിന്നീട് ബിജെപി സർക്കാരിൽ മന്ത്രിയാകുകയായിരുന്നു.ട്വിറ്ററിലൂടെയാണ് സുധാകർ ഇക്കാര്യം വെളിപ്പെടുത്തിയത്.
2018ല്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ കാലത്ത്, എംഎല്‍എമാര്‍ തങ്ങളുടെ ആശങ്കകളുമായി അന്നത്തെ ഏകോപന സമിതി അധ്യക്ഷന്‍ സിദ്ധരാമയ്യയുടെ അടുത്ത് ചെന്നു. എന്നാൽ അദ്ദേഹം നിസ്സഹായത പ്രകടിപ്പിച്ചു. ഈ സര്‍ക്കാരില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും തന്റെ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ പോലും സ്തംഭിച്ചിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പുവരെ കാത്തിരിക്കാമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു ദിവസം പോലും കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും സിദ്ധരാമയ്യ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കി.
തങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയും അനുഭാവികളെയും സംരക്ഷിക്കുന്നതിനായി തങ്ങളില്‍ ചിലര്‍ക്ക് കോണ്‍ഗ്രസ് വിട്ട് ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടത് അനിവാര്യമായി വന്നുവെന്നും സുധാകര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഈ നീക്കത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സിദ്ധരാമയ്യയ്ക്ക് പങ്കില്ലെന്ന് അദ്ദേഹത്തിന് നിഷേധിക്കാന്‍ ആകുമോ എന്നും സുധാകര്‍ ചോദിച്ചു.
വിമത നീക്കത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച സുധാകര്‍ കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി. ഇത്തവണ ചിക്കബല്ലാപുരില്‍ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു.