തിരുവനന്തപുരം∙ അതീവ സുരക്ഷാ മേഖലയായ പൊന്നമ്പല മേട്ടിലേക്ക് നാരായണ സ്വാമിയെ കടത്തിവിട്ടത് പ്രദേശവാസികളായ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ (കെഎഫ്‌ഡിസി) ജീവനക്കാരാണെന്ന് വനം വകുപ്പ്. 3000 രൂപ കൈപ്പറ്റിയാണ് ജീവനക്കാർ നാരായണ സ്വാമിയെ സംരക്ഷിത വനമേഖലയിലേക്ക് കടത്തിവിട്ടത്. കെഎഫ്‌ഡിസി കോളനിയിലെ താമസക്കാരനായ രാജേന്ദ്രൻ കറുപ്പയ്യ (51), സാബു മാത്യു (49) എന്നിവരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
പ്രദേശവാസികളായതിനാൽ ഇടനിലക്കാർ വഴിയാണ് നാരായണ സ്വാമി ഇവരെ പരിചയപ്പെട്ടത്. പൈസ വാഗ്ദാനം ചെയ്തപ്പോൾ കടത്തിവിടാമെന്ന് സമ്മതിച്ചു. പൂജാ സാധാനങ്ങൾ കൊണ്ടുപോകാൻ ഒപ്പമുള്ളവരെയും വനപാതയിലൂടെ കടത്തിവിട്ടു. പ്രധാന കവാടത്തിലാണ് വനം വകുപ്പിന്റെ സുരക്ഷയുള്ളത്. വനത്തിനുള്ളിൽ വാച്ച് ടവറുമുണ്ട്. പ്രദേശവാസികളായതിനാൽ വനത്തിലെ വഴികൾ പരിചതമായിരുന്നതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ പൊന്നമ്പലമേട്ടിലെത്താനായി. പൊന്നമ്പലമേട്ടിലെ പൂജയുടെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെയാണ് വനം വകുപ്പ് വിവരം അറിഞ്ഞത്. നാരായണ സ്വാമിയെ അറസ്റ്റു ചെയ്തിട്ടില്ല.
കെഎഫ്‌ഡിസിക്ക് വനം വകുപ്പുമായി ബന്ധമില്ലെന്ന് ഉദ്യോഗസ്ഥർ മനോരമ ഓൺലൈനോട് പറഞ്ഞു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണിത്. വനത്തിലെ തോട്ടങ്ങളുടെയും മരങ്ങളുടെയും സംരക്ഷണമാണ് സ്ഥാപനത്തിന്റെ ഉത്തരവാദിത്തം. അറസ്റ്റിലായവർ 20 വർഷത്തിലധികമായി കെഎഫ്‌ഡിസിയിൽ ജോലി ചെയ്യുകയാണെന്ന് വനം വകുപ്പ് പറഞ്ഞു.