കോഴിക്കോട്: ആയഞ്ചേരി ടൗണിലെ കടകളിൽ നിന്നും മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്തതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചു. ഏതാനും ദിവസം മുമ്പ് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ, ഹരിത സേനാംഗങ്ങൾ, സാമൂഹ്യപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ടൗൺ മുഴുവൻ ശുചീകരിച്ച് ജൈവ അജൈവമാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു.
അതിനു ശേഷം ഓരോ കടകളിലും കയറി ജൈവ മാലിന്യങ്ങൾ സ്വയം സംസ്കരിക്കാനും അജൈവമാലിന്യങ്ങൾ ശേഖരിച്ച് വെച്ച് ഹരിത സേനാംഗങ്ങൾക്ക് കൈമാറാനും നിർദ്ദേശവും നൽകി. ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. തുടർ പ്രവർത്തനമെന്നോണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. ടി. സുജിത്തിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ കെ. സജീവന്റെയും നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് കടകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതും ജൈവ മാലിന്യം കൂട്ടിയിട്ടതും ശ്രദ്ധയിൽപ്പെട്ടത്.
രണ്ട് കടകൾക്കും 5000 രൂപ പിഴ ചുമത്തി. മുന്നറിയിപ്പുമില്ലാതെ വരും ദിവസങ്ങളിലും ഇതുപോലെ മിന്നൽ പരിശോധന നടത്തുമെന്നും പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. പഞ്ചായത്തിനെ ക്ലീന്‍ പഞ്ചായത്താക്കി മാറ്റുന്നതിന് മുഴുവൻ പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. സംഘത്തിൽ പഞ്ചായത്ത് – ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്മാരായ അജീഷ്, ഐശ്വര്യ, നൂറ എന്നിവർ സംബന്ധിച്ചു.