തിരുവനന്തപുരം: കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതനിരപേക്ഷതയും ഒരുമയുമാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമസ്തമേഖലകളിലും ഫലപ്രദമായ സേവനം നൽകാൻ കുടുംബശ്രീയ്ക്ക് ഇന്നു സാധിക്കുന്നു. സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ സ്തുത്യർഹമായ പങ്കാണ് ഈ കൂട്ടായ്മ വഹിക്കുന്നതെന്ന് പിണറായി പറഞ്ഞു,
സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിൽ കുടുംബശ്രീ നട്ടെല്ലായി പ്രവർത്തിച്ചുവെന്നും ‘മെയ് 17’ കുടുംബശ്രീ ദിനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. കുടുംബശ്രീയുടെ 25-ആം വാർഷികത്തോട് അനുബന്ധിച്ചാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. നാടിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും വലിയ പങ്കു വഹിച്ച കുടുംബശ്രീ വനിതാ കൂട്ടായ്മയ്ക്ക് അർഹിക്കുന്ന അംഗീകാരമാണ് ഇതിലൂടെ സമ്മാനിക്കുന്നതെന്ന് കുടുംബശ്രീയുടെ രജതജൂബിലിയോടനുബന്ധിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലും വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ലോകത്തിനു മാതൃകയായി ഉയർന്ന കേരളത്തിന്റെ സ്വന്തം കുടുംബശ്രീക്കായി ഒരു ദിനം. മെയ് 17 കുടുംബശ്രീ ദിനമായി സംസ്ഥാനം ആചരിക്കുന്നു. കുടുംബശ്രീയുടെ 25-ആം വാർഷികത്തോട് അനുബന്ധിച്ചാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. നാടിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും വലിയ പങ്കു വഹിച്ച കുടുംബശ്രീ വനിതാ കൂട്ടായ്മയ്ക്ക് അർഹിക്കുന്ന അംഗീകാരമാണ് ഇതിലൂടെ സമ്മാനിക്കുന്നത്. വരുമാനത്തിന്റെ അഭാവം മാത്രമല്ല സ്ത്രീകള്‍ക്കിടയിലെ ദാരിദ്ര്യത്തിനു കാരണമാകുന്നത്. സ്ത്രീകള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളുടെയും സ്ത്രീകളോടുള്ള ജനാധിപത്യപരമായ സമീപനത്തിന്റെയും ഒക്കെ അഭാവമാണ് അവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ പിന്നോട്ടടിക്കപ്പെടുന്നതിലെ മറ്റു ഘടകങ്ങള്‍. ഇത്തരം പരിമിതികളെക്കൂടി മറികടക്കാനുതകുന്ന വിധത്തിലുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നതായിരുന്നു കുടുംബശ്രീയുടെ ലക്ഷ്യം.
1998 മേയ് 17 ന് അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കുടുംബശ്രീയ്ക്ക് തുടക്കമിട്ടപ്പോൾ പലകോണുകളിൽ നിന്നും സംശയങ്ങളും എതിർപ്പുകളും ഉയർന്നു. എന്നാൽ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് ഇന്ന് 46 ലക്ഷത്തിലധികം അംഗങ്ങളുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായി കുടുംബശ്രീ വളർന്നു. കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളുടെ വിശ്വാസ്യത കരസ്ഥമാക്കി. സംരംഭകത്വ വികസനം, കാര്‍ഷിക നവീകരണം, നൈപുണ്യ വികസനം, തൊഴിൽ പരിശീലനം, തുടങ്ങി നിരവധി മേഖലകളിൽ ഇതിനോടകം കുടുംബശ്രീ സ്വന്തം മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഉത്പാദന, സേവന, വ്യാപാര മേഖലകളിൽ 1,08,464 സൂക്ഷ്മ സംരംഭങ്ങളിലായി 1.87 ലക്ഷം സംരംഭകരാണ് ഇന്ന് കുടുംബശ്രീയുടെ ഭാഗമായിട്ടുള്ളത്. ഇന്ന് 33,172 ഹെക്ടര്‍ സ്ഥലത്ത് കുടുംബശ്രീ കൃഷി ചെയ്യുന്നുണ്ട്. 90,242 കൃഷിസംഘങ്ങളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
സമസ്തമേഖലകളിലും ഫലപ്രദമായ സേവനം നൽകാൻ കുടുംബശ്രീയ്ക്ക് ഇന്നു സാധിക്കുന്നു. സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ സ്തുത്യർഹമായ പങ്കാണ് ഈ കൂട്ടായ്മ വഹിക്കുന്നത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി നമ്മള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സഹകരിക്കാനും ഒക്കെ തയ്യാറായതുകൊണ്ടാണ് ഇത്തരമൊരു പ്രസ്ഥാനം വളര്‍ന്നു വലുതായത് എന്നു കൂടി ഈ അവസരത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. കേരളത്തിന്റെ അഭിമാനമായി മാറിയ കുടുംബശ്രീയ്ക്ക് കൂടുതൽ കരുത്തു പകരുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കുടുംബശ്രീയുടെ വളർച്ചയ്ക്കായി കൈകോർത്ത് നമുക്ക് മുന്നോട്ടു പോകാം.