കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യല്‍. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി ലഭിച്ചു. ഇതിനിടെ നടിയെ അക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വിപുലപ്പെടുത്തി. ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞ മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നീക്കങ്ങള്‍ നടത്താവുവെന്ന നിര്‍ദേശമാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ളത്. ഇതു സംബന്ധിച്ച കേസുകള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ധൃതി പിടിച്ചുള്ള നീക്കങ്ങള്‍ വേണ്ടെന്ന നിര്‍ദേശവും ക്രൈംബ്രാഞ്ചിന് നല്‍കിയെന്നാണ് വിവരം.
അതേസമയം കേസിലെ വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ വീട്ടിലിരുന്ന് വിഐപി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വിഐപി ശ്രമിച്ചിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.