വിസ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഏർപ്പെടുത്തിയ വീഡിയോ കോൾ സേവനത്തിന് മികച്ച പ്രതികരണമെന്ന് അധികൃതർ. വകുപ്പിൻറെ വെബ്സൈറ്റ് മുഖേനയാണ് ഈ സേവനം സാധ്യമാകുന്നത്. വിസ സംബന്ധമായ വിവിധ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുന്നതിനായാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് വീഡിയോ കോൾ സേവനത്തിന് തുടക്കമിട്ടത്. ആരംഭിച്ച് മാസങ്ങൾക്കുളളിൽ തന്നെ മികച്ച പ്രതികരണമാണ് സേവനത്തിന്ലഭിക്കുന്നതെന്ന് ജിഡിആർഎഫ്എ അധികൃതർ അറിയിച്ചു. പുതിയ സേവനത്തിലൂടെ എമിഗ്രേഷൻ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ വ്യക്തികൾക്ക് ഉദ്യോഗസ്ഥരുമായി വീഡിയോ കോളുകളിലൂടെ ബന്ധപ്പെടാം.
ഇതുവഴി വിസ പ്രശ്‌നങ്ങൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കാനുമുളള അവസരമാണ് വകുപ്പ് ഒരുക്കിയിരിക്കുന്നത്. താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും ഉൾപ്പെടെ വിവിധ തരത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിൽ വീഡിയോ കോൾ സേവനം വളരെ ഫലപ്രദമാണെന്ന് അതോറിറ്റി വ്യക്തമാക്കി. നിലവിൽ വകുപ്പിന്റെ പ്രവർത്തിസമയങ്ങളിലാണ് സേവനം ലഭിക്കുക. ഉടൻ 24 മണിക്കൂറും ലഭ്യമാവുന്ന രീതിയിൽ വിഡിയോകോൾ സേവനം ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.