ഇനി മുതല്‍ കെഎസ്ആർടിസി ബസില്‍ യാത്രക്കാർ ടിക്കറ്റെടുക്കാതെ സഞ്ചരിച്ചാൽ കണ്ടക്ടറുടെ കൈയിൽനിന്ന് പിഴ ഈടാക്കും എന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 5000 രൂപവരെ പിഴ ഈടാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ സസ്പെഷന്‍ ആയിരുന്നു ശിക്ഷയെന്നും എന്നാല്‍ പുതിയ തീരുമാനം സംബന്ധിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ശിക്ഷാനടപടിയുടെ ആദ്യ ഘട്ടത്തിലാണ് പിഴ ഈടാക്കുന്നത്. കുറ്റം ആവർത്തിച്ചാൽ പിഴയും ഒപ്പം നിയമനടപടിയും നേരിടേണ്ടി വരും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുപ്പത് യാത്രക്കാർവരെ സഞ്ചരിക്കുന്ന ബസിൽ ഒരു യാത്രികൻ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതായി പരിശോധനയില്‍ തിരിച്ചറിഞ്ഞാല്‍ 5000 രൂപ കണ്ടക്ടര്‍ പിഴയായി നല്‍കേണ്ടിവരും. 31 മുതൽ 47 വരെ യാത്രക്കാരുണ്ടെങ്കിൽ 3000 രൂപ നല്‍കണം. ബസില്‍ 48-ന് മുകളിൽ യാത്രക്കാര്‍ ഉണ്ടെങ്കിൽ 2000 രൂപയും പഴയായി നല്‍കേണ്ടി വരും. സാധാരണ ബസിൽ 48 മുതല്‍ 50 സീറ്റുകള്‍ വരെയാണ് ഉണ്ടാവുക. 10 യാത്രക്കാരെ കൂടുതൽ എടുക്കാൻ മാത്രമേ നിയമം ഉള്ളൂ. സൂപ്പർ എക്സ്പ്രസ് ബസിൽ 39 സീറ്റുകളേ ഉണ്ടാകൂകയുള്ളു. ഈ ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.
ജീവനക്കാർക്കുണ്ടാകുന്ന വീഴ്ചകളിലും കൃത്യവിലോപങ്ങളിലും നിയമപരമായ നടപടികൾ നിലവിലുണ്ടെങ്കിലും വൻതുക പിഴ ചുമത്തുന്നതിനുള്ള നിർദ്ദേശം ആദ്യമായാണ്. സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികൾ തെളിഞ്ഞാൽ ജീവനക്കാർ പിഴയായി 500 രൂപ നൽകണം. കൂടാതെ വിജിലൻസ് ഓഫീസറുടെ മുന്നിൽ ഹാജരാകുകയും വേണം. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടർന്നുണ്ടാകുന്ന നഷ്‍ടങ്ങളില്‍ 25,000 രൂപവരെ ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് ഈടാക്കാനും നിർദേശം നല്‍കിയാതും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.