കാസർകോട്: അരിയും മണ്ണെണ്ണയും പഞ്ചസാരയുമൊക്കെ മാത്രം ലഭിച്ചിരുന്ന റേഷന്‍ കടകള്‍ ഇനി ഓര്‍മകള്‍ മാത്രമാവും. റേഷന്‍ കടയില്‍ കൂടുതല്‍ ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ- സ്റ്റോര്‍ പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് ആദ്യഘട്ടത്തില്‍ അഞ്ച് റേഷന്‍ കടകള്‍.വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളും ഗ്യാസും ബാങ്കിങ്, അക്ഷയ സേവനങ്ങളുമൊക്കെ ഇനി മുതല്‍ കെ-സ്റ്റോറിലൂടെ ലഭിക്കും. മില്‍മ ഉൽപന്നങ്ങളും അഞ്ച് കിലോയുടെ ചോട്ടു ഗ്യാസും സപ്ലൈകോയുടെയും ശബരിയുടെയും വിവിധ ഉൽപന്നങ്ങളും ബാങ്കിങ് സേവനങ്ങളും തുടങ്ങി എല്ലാം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇടങ്ങളായി കെ-സ്റ്റോറുകള്‍ മാറും.
ഹോസ്ദുര്‍ഗ് താലൂക്കില്‍ മൂന്നും വെള്ളരിക്കുണ്ട് താലൂക്കില്‍ രണ്ടും റേഷന്‍ കടകളാണ് കെ- സ്റ്റോറുകളാവുന്നത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ വലിയപറമ്പ, കൂട്ടപ്പുന്ന, ആയമ്പാറ എന്നീ റേഷന്‍കടകളും വെള്ളരിക്കുണ്ട് താലൂക്കില്‍ പൂങ്ങോട്, പേരിയ എന്നീ റേഷന്‍ കടകളും സേവനത്തില്‍ ഇനി ഹൈടെക്കാവും.കെ-സ്റ്റോറുകളാവുന്ന ജില്ലയിലെ അഞ്ച് റേഷന്‍ കടകളുടെ ഉദ്ഘാടനം വെളളിയാഴ്ച നടക്കും. വലിയപറമ്പ് , പൂങ്ങോട് കെ- സ്റ്റോറുകളുടെ ഉദ്ഘാടനം എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും.വലിയപറമ്പ രാവിലെ 11നും പൂങ്ങോട് ഉച്ചക്ക് രണ്ടിനും ഉദ്ഘാടനം ചെയ്യും. പള്ളിക്കര പഞ്ചായത്തിലെ കൂട്ടപ്പുന്ന കെ- സ്റ്റോര്‍ വൈകീട്ട് നാലിനും ആയമ്പാറ കെ- സ്റ്റോര്‍ വൈകീട്ട് അഞ്ചിനും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോടോം -ബേളൂര്‍ പഞ്ചായത്തിലെ പേരിയ കെ-സ്റ്റോര്‍ വൈകീട്ട് അഞ്ചിന് ഇ. ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.