തിരുവനന്തപുരം> എസ്‌എസ്‌എൽസിക്ക് ഇത്തവണ 99.70 ശതമാനം വിജയം. പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഉന്നതവിജയത്തിന‍് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു . കഴിഞ്ഞവർഷം 99.26 ശതമാനമായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചത് .കഴിഞ്ഞ വർഷത്തെക്കാൾ 0.44 ശതമാനം വർദ്ധനയാണുള്ളത്.
68,604 വിദ്യാര്‍ഥികൾ ഇത്തവണ ഫുള്‍ എ പ്ലസ് നേടി. മലപ്പുറത്താണ് കൂടുതൽ ഫുൾ എ പ്ലസ് . 4856 പേർ ഫുൾ എ പ്ലസ് നേടി. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.94 % ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.41%.പാലാ മുവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിജയമാണ്. 2581 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ജുൺ 7 മുതൽ 14 വരെ സേ പരീക്ഷ ആരംഭിക്കും.
951 സർക്കാർ സ്കുളുകളും 1291 എയ്ഡഡ് സ്കൂളുകളും 439 അൺ എയ്ഡഡ് സ്കുളുകളും പൂർണവിജയം നേടി.സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ നൽകും.
4,19,363 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 2960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,363 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളും എയിഡഡ് സ്‌കൂളുകളില്‍ 2,51,567ഉം അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 27,092 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു.
ww.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പിലൂടെയും ഫലമറിയാം.