ന്യൂഡൽഹി: അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം നടത്തുന്ന സുപ്രീംകോടതി പാനൽ. അദാനി ഗ്രൂപ്പ് ഒരു ലംഘനവും നടത്തിയിട്ടില്ലെന്നും വിപണി നിയന്ത്രിക്കുന്ന സെബിയുടെ വ്യവസ്ഥകളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിയമിച്ച പാനൽ വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിനായാണ് വിദഗ്ധരുൾപ്പെടുന്ന പാനലിനെ സുപ്രീംകോടതി നിയോഗിച്ചത്.
ഒറ്റനോട്ടത്തിൽ അദാനി ഗ്രൂപ്പ് മൂല്യത്തിൽ കൃത്രിമം കാണിച്ചതായി കണ്ടെത്താനായിട്ടില്ല. ചെറുകിട നിക്ഷേപകർക്ക് അനുയോജ്യമാകുന്ന തരത്തിലുള്ള നടപടികൾ അദാനി ഗ്രൂപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും ആശ്വാസകരമായ ഈ നടപടികൾ കമ്പനിയുടെ ഓഹരികളിൽ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും ഓഹരികൾ നിലവിൽ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും പാനൽ വ്യക്തമാക്കി.
പാനൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന പോയിന്റുകൾ:
കൃത്രിമ വ്യാപാരം നടത്തിയതിന്റെയോ മാർക്കറ്റിൽ കൃത്രിമം കാണിക്കുന്നതിനായി ഒരേ സംഘത്തിന് നിരന്തരം വ്യപാരം നടത്തുന്ന വാഷ് ട്രേഡ്സിന്റെയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
വ്യാപാര ദുരുപയോഗത്തിന്റെ തെളിവുകളില്ല.
മിനിമം പൊതു ഓഹരികൾ നൽകിയതിലും പാർട്ടികളുടെ നിക്ഷേപങ്ങളുടെയും കണക്കുകളിൽ ലംഘനമില്ല.
പൊതുജനങ്ങൾക്ക് കൈവശം വെക്കാവുന്ന ഓഹരികൾ സംബന്ധിച്ച നിയന്ത്രണങ്ങളിൽ പരാജയപ്പെട്ടിട്ടില്ല.
കൃത്രിമം കാണിച്ചുവെന്ന ആരോപണം കേസായി ഉന്നയിക്കാവുന്ന തരത്തിലുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പാനൽ വ്യക്തമാക്കുന്നു.