തൃശൂർ> കഴിഞ്ഞ ഏഴുവർഷത്തിനകം കേരളത്തിൽ മെഡിക്കൽ പഠനരംഗത്ത് മികച്ച മുന്നേറ്റമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ആരോഗ്യ സർവകലാശാല പരീക്ഷ ഭവൻ, വിജ്ഞാൻ ഭവൻ എന്നിവ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് രണ്ടുമെഡിക്കൽ കോളേജ് ഉൾപ്പടെ 14 പുതിയ കോളേജുകൾ ആരംഭിച്ചു. 10 നഴ്സിങ് കോളേജ്, രണ്ട് പാരമെഡിക്കൽ കോളേജ് എന്നിവയും ആരംഭിച്ചു. നടക്കില്ലെന്ന് കരുതിയ കോന്നി മെഡിക്കൽ കോളേജും ഇടുക്കി മെഡിക്കൽ കോളേജും ആരംഭിച്ചു. ആറ് പുതിയ കോഴ്‌സുകൾ ആരംഭിച്ചു.
രണ്ടുവർഷത്തിനകം 1500ൽപ്പരം സീറ്റ് വർധിപ്പിച്ചു. പൊതുജനങ്ങൾക്ക് പ്രയോജനമാകുംവിധം അർഥപൂർണമായ പ്രവർത്തനം സർവകലാശാല നടത്തണം. അക്കാദമിക് മികവ് ഏറെ അനിവാര്യമാണ്. മുൻകാലങ്ങളിൽ പരീക്ഷയും ഫലവും വൈകാറുണ്ട്. എന്നാലിപ്പോൾ മാറ്റം വന്നു. കോവിഡ് കാലത്തും ആരോഗ്യ സർവകലാശാല ഉൾപ്പെടെ എല്ലാ സർവകലാശാലകളിലും കൃത്യമായി പരീക്ഷ നടത്തി, ഫലം പ്രഖ്യാപിക്കാനായി. 45 കോടി ചെലവിൽ ആരോഗ്യ സർവകലാശാലയിൽ പരീക്ഷാ– വിജ്‌ഞാന ഭവനുകൾ പൂർത്തിയായതോടെ പ്രവർത്തനം കാര്യക്ഷമമാവും. ക്ഷേമ പദ്ധതികളും വികസന പദ്ധതികളും സംയോജിപ്പിച്ച് നവകേരളം സൃഷ്ടിച്ച് സർക്കാർ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷയായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യാതിഥിയായി. സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രോ. വൈസ് ചാൻസലർ ഡോ. സി പി വിജയൻ, ബ്ലോക്ക് പ്രസിഡന്റ് ആനി ജോസ്, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ശങ്കുണ്ണി, പി വി ബിജു എന്നിവർ സംസാരിച്ചു.