കോട്ടയം: കണമലയില്‍ രണ്ടു പേരെ ആക്രമിച്ച് കൊന്ന കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ ഉത്തരവിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ജനവാസ മേഖലയില്‍ ഇറങ്ങി ശല്യം തുടര്‍ന്നാല്‍ വെടിവെക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്ഒക്കാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍ദേശം നല്‍കിയത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ആകില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വന്യജീവികളെ വെടിവക്കാന്‍ സിആര്‍പിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാന്‍ കളക്ടര്‍ക്ക് ആകില്ല. പകരം ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം.
കോട്ടയത്ത് രണ്ടുപേരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വഴിയരികിലെ വീട്ടിനുമുന്നില്‍ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ, തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.