തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസ് കേസിലെ പ്രതി സന്ദീപിനെ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ 23 ന് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സന്ദീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സന്ദീപിന് വൈദ്യസഹായം അടക്കം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വന്ദന ദാസ് കൊലക്കേസില്‍ കുറ്റം സമ്മതിച്ച പ്രതി സന്ദീപ് കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് കുറ്റസമ്മത മൊഴി നല്കി.
വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രതിയുമായി പൊലീസ് പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 10 ന് പുലര്‍ച്ചെ 4.40 നായിരുന്നു കൊലപാതകം. അതേസമയത്ത് തെളിവെടുപ്പും പൂര്‍ത്തിയാക്കി. പുലര്‍ച്ചെ 4.37 നാണ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പിന് എത്തിച്ചത്.