ദില്ലി: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും പേരെടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഫലപ്രദമായ ഒരു കാലയളവ് ഉണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ച ആശംസയില്‍ പറഞ്ഞത്. അതേസമയം സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. കര്‍ണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും ഡി കെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ് കര്‍ണാടകയില്‍ ഇന്ന് അധികാരമേറ്റത്.