ഹജ്ജുമായി ബന്ധപ്പെട്ട മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി ഈ വര്‍ഷം 7 രാജ്യങ്ങളില്‍ നടപ്പിലാക്കും. സൗദി എയര്‍പോര്‍ട്ടുകളിലെ ഇമിഗ്രേഷന്‍ നടപടികള്‍ ഒഴിവാക്കി ഹജ്ജ് തീര്‍ഥാടകര്‍ക്ക് പുറത്തിറങ്ങാന്‍ അവസരം നല്‍കുന്ന സംവിധാനമാണ് മക്ക റോഡ് ഇനീഷ്യേറ്റീവ്. പുറപ്പെടുന്ന രാജ്യത്തു വെച്ചാണ് തീര്‍ഥാടകര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടികള്‍ ലഘൂകരിക്കുന്ന മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി ഓരോ വര്‍ഷവും കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം 5 രാജ്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയതെങ്കില്‍ ഈ വര്‍ഷം 7 രാജ്യങ്ങളില്‍ പദ്ധതി ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാന്‍, ബങ്ഗ്ലദേശ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ തുര്‍ക്കി, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി.
തീര്‍ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന രാജ്യത്തു വെച്ചു തന്നെ സൗദിയില്‍ പൂര്‍ത്തിയാക്കേണ്ട ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് മക്ക റോഡ് ഇനീഷ്യേറ്റീവ്. ഇലക്ട്രോണിക് ഹജ്ജ് വിസയാണ് ഇവര്‍ക്ക് അനുവദിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് രേഖകള്‍ പരിശോധിക്കുന്നതും, സൗദിയിലെ താമസത്തിനനുസരിച്ച് ലഗേജുകള്‍ സോര്‍ട്ട് ചെയ്യുന്നതുമെല്ലാം അതാത് രാജ്യത്തു വെച്ചു തന്നെ പൂര്‍ത്തിയാക്കും. സൗദിയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇവര്‍ക്ക് ആഭ്യന്തര യാത്രക്കാരെ പോലെ പുറത്തിറങ്ങാം. ലഗേജുകളും മറ്റും സര്‍വീസ് ഏജന്‍സി താമസിക്കുന്ന കെട്ടിടങ്ങളില്‍ എത്തിക്കും.വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഹജ്ജ് ഉംറ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, സകാത്ത് ആന്ഡ് ടാക്‌സ് അതോറിറ്റി, ഡാറ്റാ ആന്ഡ് ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് അതോറിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.