പാലക്കാട്ടെ ആര്‍എസ്എസ് മുന്‍പ്രചാരകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചു. എന്‍ഐഎ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എറണാകുളം പറവൂര്‍ സ്വദേശി അബ്ദുല്‍ വഹാബ് വി.എ, പാലക്കാട് മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മണ്‍സൂര്‍, ഞാങ്ങാട്ടിരി സ്വദേശി അബ്ദുല്‍ റഷീദ് കെ,ഒറ്റപ്പാലം സ്വദേശി മുഹമ്മദാലി കെ പി,കൂറ്റനാട് സ്വദേശി ഷാഹുല്‍ഹമീദ്, പേര് വിവരങ്ങള്‍ വ്യക്തമല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ 6 പേരാണ് നോട്ടീസില്‍ ഉള്ളത്. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 3ലക്ഷം രൂപ മുതല്‍ 7ലക്ഷം രൂപ വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികള്‍ കേരളത്തില്‍ തന്നെ ഒളിവില്‍ തുടരുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 21നാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.കേസില്‍ 17 പേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. കേരള പൊലീസ് അന്വേഷിച്ച കേസില്‍ നേരത്തെ 43 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. ആകെ 52 പേരെയാണ് പ്രതിചേര്‍ത്തത്. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ പാലക്കാട് മേലാമുറയിലെ കടയിലെത്തി ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് തന്നെ കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി നടത്തിയ ആദ്യ കൊലപാതകം കൂടെയായിരുന്നു ശ്രീനിവാസന്റേത്.