പത്തനംതിട്ട: എരുമേലി കണമലയിൽ രണ്ട് കർഷകരെ കുത്തികൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം എന്ന നിലപാടിൽ ഉറച്ച് നാട്ടുകാർ. മരിച്ച ചാക്കോയുടെ സംസ്കാരം നടക്കുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും തെരുവിൽ പ്രതിഷേധിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. അതേസമയം, അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം മാത്രമാണ് ഇന്നലെ സംസ്കരിച്ചത്. നാളെയാണ് ചാക്കോയുടെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം സംസ്കരിക്കില്ലെന്നാണ് കണമലയിലെ സമര സമിതിയുടെ തീരുമാനം. ആദ്യ ദിവസം പ്രതിഷേധമുണ്ടായതിന് പിന്നാലെ പോത്തിനെ വെടിവെച്ച് കെല്ലുമെന്ന കളക്ടറുടെ ഉത്തരവ് വിശ്വസിച്ച നാട്ടുകാരെ വനം വകുപ്പ് കബളിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം.