ജി 7 ഉച്ചകോടിയിൽ ‘പ്രത്യേക’ ജാക്കറ്റ് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ജാക്കറ്റ് ധരിച്ചാണ് ജി 7 ഉച്ചകോടിയുടെ രണ്ടാം ദിവസം മോദി പങ്കെടുത്തത്. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമാണ് ഈ പ്രത്യേക ജാക്കറ്റിലൂടെ പ്രധാനമന്ത്രി നൽകിയത്.
സുസ്ഥിരതയുടെ സന്ദേശമാണ് പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ പങ്കുവച്ചത്. വിവിധ വേദികളിലായി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശം മോദി പലതവണ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ജാക്കറ്റ് ധരിക്കുന്നത് ഇതാദ്യമല്ല. 2023 ഫെബ്രുവരിയിൽ പാർലമെന്റ് സമ്മേളനത്തിൽ സമാനരീതിയിൽ നിർമ്മിച്ച സ്ലീവ്ലെസ് സ്കൈ ബ്ലൂ ജാക്കറ്റ് മോദി ധരിച്ചിരുന്നു.
ഫെബ്രുവരി 6 ന് ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രധാനമന്ത്രിക്ക് പാർലമെന്റ് സമ്മേളനത്തിൽ ധരിച്ച ജാക്കറ്റ് സമ്മാനമായി നൽകിയിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്താണ് ഈ ജാക്കറ്റും തയ്യാറാക്കിയത്. ഉപയോഗിച്ച പെറ്റ് ബോട്ടിലുകൾ ശേഖരിച്ച് അവ ഉരുക്കി കളർ ചേർത്ത് നൂൽ ഉൽപ്പാദിപ്പിച്ചാണ് റീസൈക്കിൾഡ് ഫാബ്രിക് നിർമ്മിക്കുന്നത്.