സെക്രട്ടറിയേറ്റിൽ ജീവനക്കാരെ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. ജീവനക്കാർ ഓഫീസിലേക്ക് പോകുന്നത് വിലക്കുക മാത്രമാണ് ചെയ്തത്. സമരം നടക്കുമ്പോൾ ആരെയാണെങ്കിലും തടയും. കൈക്കരുത്തുകൊണ്ട് അകത്ത് കടക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ജീവനക്കാരി അങ്ങോട്ട് പോകാൻ പാടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ നുണയാണെന്ന് പരസ്യമായി പറയാൻ ചങ്കൂറ്റമുണ്ടോയെന്ന് മുഖ്യമന്ത്രിയെ സുധാകരൻ വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് സതീശൻ ഇന്നലെ തന്നെ പരസ്യമായി പിണറായിയെ വെല്ലുവിളിച്ചിരുന്നു. സ്വതന്ത്രമായ ഒരു അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ?. സർക്കാർ വകുപ്പിൽ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുകയാണോ വേണ്ടത്.
ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. നിയമനടപടി സ്വീകരിക്കും. ഈ മാസം 30 നുള്ളിൽ ബ്ലോക്ക് പ്രസിഡൻ്റുമാരെ തെരഞ്ഞെടുക്കും. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിനെതിരെ മാത്രം നടപടിയെടുത്ത് കേസൊതുക്കാനാണ് ശ്രമമെന്നും പൊലീസ് കേസെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.