പിറന്നാൾ ആഘോഷിക്കുന്ന നടൻ മോഹൻലാലിന് കിയ ഇലക്ട്രിക് കാർ സമ്മാനിച്ച് സുഹൃത്ത്. ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയർമാനുമായ അലക്സ് കെ. ബാബു ആണ് കാർ നൽകിയത്. മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ വച്ച് ഭാര്യ സുചിത്രയുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് കിയ ഇവി 6 സമ്മാനിച്ചത്. മേജർ രവി, ഷിബു ബേബി ജോൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.
നിലവിൽ രാജ്യത്ത് ലഭ്യമാകുന്ന മികച്ച ഇലക്ട്രിക് കാറുകളിൽ ഒന്നാണ് കിയ ഇ.വി 6. കഴിഞ്ഞ വർഷം ജൂണിൽ വിപണിയിലെത്തിയ വാഹനം റേഞ്ചിനും കരുത്തിനും പേരുകേട്ട മോഡലാണ്. കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. ഹ്യുണ്ടേയ് മോട്ടർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോമിലാണ് നിർമാണം. രാജ്യാന്തര വിപണിയിൽ 58 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ടു ബാറ്ററി പായ്ക്ക് ഇവി 6നുണ്ട്. ഇന്ത്യൻ വിപണിയിൽ 77.4 കിലോവാട്ട് മോഡൽ മാത്രമേ കിയ പുറത്തിറക്കിയിട്ടുള്ളു.
സിംഗിൾ മോട്ടർ മോഡലിന് 229 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോർക്ക് 605 എൻഎമ്മും. ഒറ്റ ചാർജിൽ 708 കിലോമീറ്റർ വാഹനം സഞ്ചരിക്കും. 350 കിലോവാട്ട് ഡിസി ചാർജർ ഘടിപ്പിച്ചാൽ 10 ൽ നിന്ന് 80 ശതമാനം ചാർജിലേക്ക് എത്താൻ വാഹനത്തിന് വെറും 18 മിനിറ്റ് മതി. 50 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ അത്രയും ചാർജു ചെയ്യാൻ 73 മിനിറ്റുവേണം. വാഹനത്തിന്റെ റിയർവീൽ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓൾവീൽ ഡ്രൈവ് മോഡലിന് 65.95 ലക്ഷം രൂപയുമാണ് വില.