തിരുവനന്തപുരം : തിരുവനന്തപുരം -തൃശൂർ റൂട്ടിലെ അറ്റകുറ്റപ്പണികൾ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ച് തുടങ്ങി. സ്പെഷൽ ട്രെയിനുകളടക്കം 15 സർവ്വീസുകളാണ് പൂർണ്ണമായി റദ്ദാക്കിയത്. പാതയിലെ നവീകരണ ജോലികൾ നാളെയും തുടരുന്നതിനാൽ മറ്റന്നാൾ വരെ ട്രെയിൻ സർവ്വീസുകളുടെ സമയക്രമത്തെ ബാധിക്കും. തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലുമാണ് അറ്റകുറ്റപ്പണി നടക്കുന്നത്. മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും പുരോഗണിക്കുകയാണ്. 4 ദിവസം മുൻപെ തന്നെ 15 ട്രെയിനുകൾ റദ്ദാക്കുന്നതായുള്ള റെയിൽവെ അറിയിപ്പ് വന്നെങ്കിലും ഇതറിയാതെ എത്തിയ യാത്രക്കാർ പലരും വലഞ്ഞു.
സർവ്വീസുകൾ റദ്ദാക്കിയതിനാൽ നിലവിലെ ട്രെയിനുകൾ പലതും മണിക്കൂറുകൾ വൈകിയാണ് സർവ്വീസ് നടത്തുന്നത്. പരശുറാം, ഗരീബ് രഥ് തുടങ്ങിയ ദീർഘദൂര സർവ്വീകളും, കൊല്ലം എറണാകുളം മെമു ഉൾപ്പടെയുള്ള ഹ്രസ്വ ദൂര സർവ്വീസുകളുമാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസടക്കം എറണാകുളം ജംഗ്ഷനിൽ സർവ്വീസ് അവസാനിപ്പിച്ചു. ഞായറാഴ്ചയായതിനാൽ സ്ഥിരം യാത്രക്കാരുടെ എണ്ണത്തിലെ കുറവ് ആശ്വാസമായി. എന്നാൽ സർവ്വീസ് നടത്തുന്ന ട്രെയിനുകൾ വലിയ തിരക്കുണ്ട്. നാളെയും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഗരീബ് രഥ്, രാജറാണി,അമൃത എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.പാതയിലെ അറ്റകുറ്റപ്പണി നാളെയും തുടരും.