പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.പുതിയ പാർലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. മേയ് 18നാണ് ലോക്സഭ സ്പീക്കർ ഓം ബിർല പ്രധാനമന്ത്രിയെ സന്ദർശിച്ച് ഉദ്ഘാടനത്തിനായി ക്ഷണിച്ചത്. ഇതിനെതിരെ പ്രതിപക്ഷ നേതാക്കളിൽനിന്ന് രൂക്ഷ വിമർശനമുയർന്നിരുന്നു.
ഇത് ഗാന്ധിജി, നെഹ്റു, പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ഡോ. അംബേദ്കർ തുടങ്ങിയ രാജ്യം പടുത്തുയർത്തിയവരോടുള്ള കടുത്ത അവഹേളനമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ പ്രതികരണം. സവർക്കറുടെ ജന്മദിനമായ മേയ് 28ന് ഉദ്ഘാടനം നിശ്ചയിച്ചതിനെ തൃണമൂൽ കോൺഗ്രസ് എം.പി സുകേന്ദു ശേഖർ റായിയും ചോദ്യം ചെയ്തിരുന്നു.എന്തുകൊണ്ട് ലോക്‌സഭ സ്പീക്കറെയും രാജ്യസഭ ചെയർമാനെയും ഈ സുപ്രധാന ദൗത്യത്തിന് തെരഞ്ഞെടുത്തില്ലെന്ന ചോദ്യവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തെത്തിയിരുന്നു. ഇത് പൊതുജനങ്ങളുടെ പണംകൊണ്ടാണ് നിർമിച്ചത്. തന്റെ സുഹൃത്തുക്കൾ സ്പോൺസർ ചെയ്ത ഫണ്ട് കൊണ്ട് നിർമിച്ചതാണെന്ന തരത്തിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും ഉവൈസി ചോദിച്ചിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ അടയാളപ്പെടുത്തലായി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് കേന്ദ്ര സർക്കാറിന്‍റെ തീരുമാനം. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീർണമുള്ള കെട്ടിടം നിര്‍മിച്ചത്. നാലുനില കെട്ടിടത്തിൽ രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എം.പിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. 2020 ഡിസംബർ 10ന് പ്രധാനമന്ത്രി മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.