കോഴിക്കോട്: സി.പി.എം ജില്ല സമ്മേളനങ്ങൾ നിർത്തിവെക്കാൻ പാർട്ടി നേതൃത്വം തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കിൽ കേരളം ഭരിക്കുന്ന പാർട്ടി അതാണ് ചെയ്യേണ്ടത്. അൻപതുപേരിൽ കൂടുതൽ ഒരുമിച്ചുകൂടാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം ഭരണകക്ഷിക്കും ബാധകമാണ്. തിരുവാതിരക്കളിയും ഗാനമേളയും പൊതുയോഗവും നിർബാധം തുടരുന്നത് അക്ഷന്തവ്യമായ അപരാധമാണ്, തികഞ്ഞ ധിക്കാരമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൊതുവികാരം കണക്കിലെടുത്ത് ബിജെപി എല്ലാ പൊതുസമ്മേളനങ്ങളും നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
കേസെടുക്കുന്നത് ബി.ജെ.പിക്കെതിരെ മാത്രമാണെങ്കിൽ പോലീസ് നടപടികളോട് സഹകരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് ബി.ജെ.പി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്ത 1500ഓളം പേർക്കെതിരെ കേസെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗം കോവിഡ് നിയന്ത്രണം ലംഘിച്ചാണ് നടത്തിയത്.