കൊച്ചി: നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം തെങ്കാശി സ്വദേശിക്ക്. 70 ലക്ഷം രൂപയാണ് ബുള്ളറ്റ് ടാങ്കർ ഡ്രൈവറായ ചിന്ന ദുരൈയ്ക്ക് ലഭിച്ചത്. എൻപി 205122 എന്ന ടിക്കറ്റിനാണ് സമ്മാനം. ഫോണിലൂടെ കടം പറഞ്ഞ് മാറ്റിവച്ച ടിക്കറ്റിനായിരുന്നു ഭാഗ്യദേവതയുടെ കടാക്ഷം.
ആഴ്ചയിൽ അഞ്ച് ദിവസവും ഭാഗ്യപരീക്ഷണം നടത്താറുള്ള ആളാണ് ചിന്ന ദുരൈ. പതിവ് പോലെ വെള്ളിയാഴ്ച രാവിലെ ലോട്ടറി വിൽപനക്കാരൻ ഷിജുവിനെ വിളിച്ച് ടിക്കറ്റുകളുടെ നമ്പർ ചോദിച്ചു. ശേഷം 5122 അവസാനിക്കുന്ന 4 ടിക്കറ്റുകളും ഒപ്പം 8 ടിക്കറ്റുമെടുത്തു. ഒടുവിൽ മൂന്ന് മണിക്ക് സമ്മാനം വന്നപ്പോൾ ചിന്ന ദുരൈയെ ഭാഗ്യം കടാക്ഷിക്കുക ആയിരുന്നു. ഉടൻ തന്നെ കച്ചവടക്കാർ ഇദ്ദേഹത്തെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് രാത്രി 9ന് എത്തിയ ചിന്ന ദുരൈയ്ക്ക് കാവിലമ്മ ലക്കി സെന്റർ ഉടമ ധനേഷ് ചന്ദ്രനും വിൽപനക്കാരൻ ഷിജുവും ചേർന്നു ടിക്കറ്റ് കൈമാറി. ഒന്നാം സമ്മാനം ലഭിച്ച വിവരം മറച്ചുവയ്ക്കാതെ സത്യസന്ധത പുലർത്തിയ ഇരുവർക്കും അഭിനന്ദന പ്രവാഹമാണ്. സമ്മാനാർഹമായ ടിക്കറ്റ് ചിന്ന ദുരൈ ബാങ്കിൽ ഏൽപിച്ചു.