ബംഗളൂരു: കര്‍ണാടക വിധാൻ സഭയ്ക്ക് മുന്നില്‍ പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഗോമൂത്രവും ഡെറ്റോളും തളിച്ച് വിധാൻ സഭയുടെ പരസരം ശുദ്ധീകരിക്കുകയും ചെയ്തു. ബിജെപിയുടെ കൊള്ളരുതായ്മകളിൽ നിന്നും അഴിമതിയിൽ നിന്നും നിയമസഭയെ ശുദ്ധീകരിക്കാനാണ് ഇതെല്ലാം ചെയ്തതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. 40 ശതമാനം അഴിമതി സർക്കാരിനെ പുറത്താക്കി പ്രതീകാത്മകമായി ശുദ്ധീകരിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ കൂട്ടിച്ചേര്‍ത്തു.
ഭരണം ശുദ്ധീകരിക്കപ്പെടണമെന്നും അഴിമതി രഹിതമാകണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് സങ്കേത് യനാകി പറഞ്ഞു. അതേസമയം, കർണാടകത്തിൽ സ്പീക്കർ തെരഞ്ഞെടുപ്പ് 24ന് നടക്കും. പ്രോ ടൈം സ്പീക്കർ ആർ വി ദേശ്പാണ്ഡേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ ഉടൻ തീരുമാനിക്കും. കോൺഗ്രസിൽ നിന്ന് ടിവി ബിൽ ജയചന്ദ്ര, എച്ച് കെ പാട്ടീൽ എന്നിവർക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തുടരെ തുടരെ ജനപ്രിയ തീരുമാനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണ്. തന്‍റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ തീരുമാനത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ, . ഇനി പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്‍റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ആളുകൾക്ക് അവരുടെ സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സമ്മാനമെന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്.