ന്യൂഡൽഹി: 2000 രൂപ നോട്ട് മാറ്റിയെടുക്കാനായി ആരും ബാങ്കിലേക്ക് തിരക്കിട്ട് ഓടേണ്ടതില്ലെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. സെപ്തംബർ 30 ന് ശേഷവും നോട്ട് നിയമസാധുതയുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബാങ്കിലേക്ക് നോട്ട് മാറ്റാൻ തിരക്ക് കൂട്ടേണ്ട ആവശ്യമൊന്നുമില്ല. നിങ്ങൾക്ക് സെപ്തംബർ 30 വരെ നാലു മാസത്തെ സമയമുണ്ട്. ഈ സമയ പരിധി നൽകിയത് നോട്ട് മാറ്റുന്നത് ജനങ്ങൾ ഗൗരവമായി കാണണം എന്നതുകൊണ്ടാണ്. നോട്ടു നിരോധനത്തെ തുടർന്ന് രാജ്യത്തെ വിപണിയിലുണ്ടായ കറൻസിയുടെ കുറവ് നികത്താനാണ് 2000 രൂപയുടെ നോട്ട് ഇറക്കിയത്.
നാളെ മുതൽ തന്നെ നോട്ടുകൾ മാറ്റിക്കിട്ടുന്നതിനുള്ള സൗകര്യങ്ങൾ ബാങ്കുകളിൽ ഏർപ്പാടാക്കും. കൈമാറാനാവശ്യമുള്ളത്ര നോട്ടുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ചയാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി സർക്കാർ വ്യക്തമാക്കിയത്. സെപ്തംബർ 30 വരെ ആളുകൾക്ക് നോട്ടുകൾ ബാങ്കിലെത്തി മാറ്റുകയോ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം.
നോട്ടുകൾ മാറ്റി എടുക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകുകയോ തിരിച്ചറിയൽ കാർഡ് ഹാജരാക്കുകയോ വേണ്ടെന്നും എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണയിൽ 20,000 രൂപവരെയുള്ള നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണെന്നും ബാങ്കുകൾ അറിയിച്ചു.