തിരുവനന്തപുരം> ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തന മികവിന് കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഭിന്നശേഷി സഹായക ഉപകരണങ്ങളുടെ ആവശ്യകതയെയും ഉപയോഗത്തെയും പറ്റി അവബോധമുണർത്താൻ ലോകാരോഗ്യ സംഘടന ആരംഭിച്ച പദ്ധതിയിലേക്ക് Training in Assistive Products (TAP) പരിശീലകരായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ലെ വിദഗ്ദ്ധരെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ ടി എ പി പദ്ധതിയുടെ നടത്തിപ്പിലാണ് നിപ്മറിലെ വിദഗ്ദ്ധർ പങ്കാളിയാവുക.
ഗ്രാമപഞ്ചായത്ത് തലത്തിൽ ആരോഗ്യപ്രവര്‍ത്തകർക്ക് സഹായക ഉപകരണ ആവശ്യകത സംബന്ധിച്ച പരിശീലനം നല്‍കലാണ് പദ്ധതിയുടെ പ്രാഥമികഘട്ടം. ഇതിനായി നിപ്മറിലെ വിദഗ്ദ്ധര്‍ക്ക് ലോകാരോഗ്യസംഘടന സഹായകസാങ്കേതികവിദ്യയില്‍ ഉന്നതപരിശീലനം നല്‍കും. ഇവർ തുടർന്ന് ഗ്രാമതല ആരോഗ്യപ്രവര്‍ത്തകരായ അങ്കണവാടി പ്രവർത്തകർ, ആശ വര്‍ക്കര്‍മാര്‍, പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍, സാന്ത്വന ചികിത്സാ നഴ്‌സുമാർ എന്നിവരെ പരിശീലിപ്പിക്കും. പരിശീലനം നേടുന്ന ഗ്രാമതല പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തി ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്കുള്ള സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഇതാണ് പദ്ധതിയുടെ രൂപരേഖ.
ഭിന്നശേഷി മേഖലയിലെ പ്രവർത്തനമികവാണ് രാജ്യത്താദ്യമായി ഈ പദ്ധതി നടപ്പാക്കാൻ നിപ്മറിനെ ആശ്രയിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചതിനു കാരണം. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് സഹായകസാങ്കേതികവിദ്യാ പദ്ധതി നടപ്പാക്കാൻ നിപ്മറിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളെ തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നാണ് തെരഞ്ഞെടുക്കുക. ഭിന്നശേഷി പുനരധിവാസമേഖലയിൽ സംസ്ഥാന സർക്കാരും സാമൂഹ്യനീതി വകുപ്പും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള സാർവ്വദേശീയ അംഗീകാരമാണ് നിപ്മറുമായുള്ള ലോകാരോഗ്യസംഘടനയുടെ സഹകരണം.