ആലപ്പുഴ: മോട്ടോർ സൈക്കിൾ ഷോ റൂമിൽ നിന്നും എൻജിൻ ഓയിലും സ്പെയർ പാർട്സും മോഷണം നടത്തിയ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. കരുവാറ്റ താമല്ലക്കൽ സ്വദേശിയായ സോമനെ (58) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങരയിലുള്ള മോട്ടോർ സൈക്കിൾ ഷോ റൂമിൽ നിന്നും എൻജിൻ ഓയിൽ, സ്പെയർ പാർട്സ് എന്നിവയാണ് മോഷ്ടിച്ചത്. കഴിഞ്ഞ രണ്ടു വർഷം ആയി ഇവിടെ സുരക്ഷാ ജീവനക്കാരൻ ആയി ജോലി ചെയ്തു വരികയാണ് ഇയാൾ.
എൻജിൻ ഓയിൽ, സൈഡ് വ്യൂ മിറർ, ബാറ്ററി, ചെയിൻ എന്നിവയുടെ സ്റ്റോക്കിൽ ഉണ്ടായ കുറവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണം നടക്കുന്നതായി മനസ്സിലാക്കിയത്. തുടർന്ന് സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തൊണ്ടി സഹിതം സ്ഥാപനത്തിൽ വെച്ച് പിടികൂടുകയായിരുന്നു. സി സി ടി വി തുണി ഉപയോഗിച്ച് മറച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ മുതൽ കഴിഞ്ഞ ഒരു വർഷം ആയി മോഷണം പോയതായി ഷോറൂം അധികൃതർ അറിയിച്ചു.പ്രതിയെ പിടികൂടുന്ന സമയം 8 ലിറ്റർ എൻജിൻ ഓയിൽ ഇയാളുടെ മോട്ടോർ സൈക്കിളിൽ നിന്നും കണ്ടെടുത്തത്. സബ് ഇൻസ്പെക്ടർ സന്തോഷ്മോൻ പി ആർ, സിവിൽ പോലീസ് ഓഫീസർ പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.