പത്തനംതിട്ട: കടുവ ഭീതി നിലനില്‍ക്കുന്ന പത്തനംതിട്ട പെരുനാട്ടില്‍ റബര്‍ തോട്ടങ്ങളിലെ കാട് വെട്ടി തുടങ്ങി. തോട്ടങ്ങളില്‍ കാട് വളര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതെന്നായിരുന്നു നാട്ടുകാരുടെ പരാതി. വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് കാട് വെട്ടല്‍ നടപടികള്‍ തുടരുന്നത്.
ഒന്നര മാസത്തിനിടെ നിരവധി തവണയാണ് പെരുനാട്ടിലെ കോളാമലയിലും കോട്ടക്കുഴിയിലും കടുവയെ കണ്ടത്. പശുക്കളെയും ആടിനേയും കടുവ ആക്രമിച്ച് കൊന്നിരുന്നു. കൂട് സ്ഥാപിക്കുന്നതടക്കം പല വഴികള്‍ പരീക്ഷിച്ചിട്ടും കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായി കടുവ ഇറങ്ങിയതോടെയാണ് വനാതിര്‍ത്തിയിലെ സ്വകാര്യ തോട്ടങ്ങളിലെ കാട് നീക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ജനപ്രതിനിധികളെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കാട് വെട്ടാന്‍ തീരുമാനം എടുത്തത്. കടുവയുടെ സാന്നിധ്യം കണ്ട തോട്ടങ്ങളിലെ കാട് വനംവകുപ്പാണ് നീക്കം ചെയ്യുന്നത്. മറ്റ് തോട്ടങ്ങളിലെ കാട് നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉടമകള്‍ക്ക് നോട്ടീസ് അയക്കും.വന്‍തോതില്‍ കാട് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ വെട്ടിതെളിക്കാനുള്ള ശ്രമം വെല്ലുവിളി നിറഞ്ഞതാണ്. കടുവയെയോ മറ്റ് വന്യമൃഗങ്ങളെയോ കണ്ടാല്‍ മയക്കുവെടി വയ്ക്കാനടക്കമുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏക്കര്‍ കണക്കിന് സ്വകാര്യ തോട്ടങ്ങളാണ് മലയോര മേഖലയില്‍ കാട് കയറി കിടക്കുന്നത്.