കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 17 സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തിൽ കുട്ടികളോട് മാപ്പ് പറഞ്ഞ് പി.വി ശ്രീനിജിൻ എം.എൽ.എ. കുട്ടികൾക്ക് നേരിട്ട വിഷമത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവരം അറിഞ്ഞപ്പോൾ തന്നെ ഗേറ്റ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടു. ട്രയൽസ് നടക്കുന്ന വിവരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കിൽ ഗേറ്റ് പൂട്ടിയിടില്ലായിരുന്നെന്നും ജില്ല സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്റ് കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എം.എൽ.എ വന്ന് ഗേറ്റ് പൂട്ടിയതല്ല, ഗേറ്റ് പൂട്ടിക്കിടന്നതാണ്. അനുമതിയുണ്ടെങ്കിൽ തുറന്ന് കൊടുക്കാറാണ് പതിവ്. ബ്ലാസ്റ്റേഴ്സിനെ പേടിപ്പിച്ചാണ് കരാർ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്സി കുട്ടനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്നും കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്‌സി കുട്ടനെന്നും ശ്രീനിജിൻ പ്രതികരിച്ചു.
പനമ്പിള്ളി നഗറിലെ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലായിരുന്നു നാടകീയ സംഭവങ്ങൾ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അണ്ടർ 17 ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് സ്കൂൾ ഗ്രൗണ്ടിൽ തിങ്കളാഴ്ച രാവിലെയാണ് തീരുമാനിച്ചിരുന്നത്. രാവിലെ എത്തിയ കുട്ടികളും രക്ഷിതാക്കളും ഗേറ്റ് അടച്ചിട്ടിരിക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തിൽ, ജില്ല സ്പോർട്സ് കൗൺസിലിന് വാടക നൽകാത്തതിനാൽ പ്രസിഡന്‍റ് കൂടിയായ എം.എൽ.എയുടെ നിർദേശപ്രകാരം ഗേറ്റ് പൂട്ടിയെന്ന മറുപടിയാണ് ലഭിച്ചത്. ട്രയൽസിൽ പങ്കെടുക്കാനെത്തിയ നൂറോളം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു മണിക്കൂറോളമാണ് ഗേറ്റിനുപുറത്ത് കാത്തിരിക്കേണ്ടിവന്നത്. സംഭവം വിവാദമായതോടെ കായിക വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ ഇടപെട്ടാണ് ഗേറ്റ് തുറന്നുനൽകിയത്.
അതേസമയം, വാടക കൃത്യമായി നൽകിയിട്ടുണ്ടെന്ന വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ രംഗത്തുവന്നിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലുമായാണ് തങ്ങളുടെ കരാറെന്നും വാടക കൃത്യമായി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ജില്ല സ്പോർട്സ് കൗൺസിലിന്‍റെ നടപടി തള്ളി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു. ഷറഫലിയും രംഗത്തുവന്നിരുന്നു. വാടക കുടിശ്ശികയില്ലെന്നും ഗ്രൗണ്ട് പൂട്ടിയതിന്‍റെ കാരണം അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ ജില്ല സ്പോർട്സ് കൗൺസിൽ അധികൃതരും പ്രതിരോധത്തിലായി. ഇതിനിടെയാണ് മന്ത്രി വി. അബ്ദുറഹ്മാൻ ഇടപെട്ട് ഗേറ്റ് തുറന്നുനൽകാൻ നിർദേശിച്ചത്.