തിരുവനന്തപുരം> ഗവേഷക വിദ്യാർഥിനിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയ അധ്യാപകന് സസ്‌പെൻഷൻ. പന്തളം എൻഎസ്എസ് കോളേജ് പ്രിൻസിപ്പളായിരുന്ന നന്ത്യത്ത് ഗോപാലകൃഷ്ണനെയാണ് കേരള സർവകലാശാല സിൻഡിക്കറ്റിന്റെ ശുപാർശയിൽ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്‌തത്. 2021ൽ ഗോപാലകൃഷ്‌ണൻ തിരുവനന്തപുരം എംജി കോളേജിലെ മലയാളം വിഭാഗം അധ്യാപകനായിരുന്ന സമയത്താണ് ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയത്.
വിദ്യാർഥിനിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാനും കാറിൽ ഒപ്പം സഞ്ചരിക്കണമെന്നും ആവശ്യപ്പെട്ടതടക്കം ആദ്യം കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. എന്നാൽ, ഇയാൾക്കെതിരെ നടപടിയെടുത്തില്ല. തുടർന്നാണ് എസ്എഫ്ഐ യൂണിറ്റ് വഴി യൂണിവേഴ്സിറ്റിക്ക് നേരിട്ട് പരാതി നൽകിയത്. ഇതോടെ പെൺകുട്ടിക്ക് ഗൈഡിനെ മാറ്റി നൽകി. എന്നാൽ, അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ പെൺകുട്ടി ഉറച്ചുനിന്നു.
കഴിഞ്ഞദിവസം നടന്ന സിൻഡിക്കറ്റ് യോഗത്തിൽ അധ്യാപകന്റെ ഗൈഡ്ഷിപ് റദ്ദാക്കാൻ നടപടി സ്വീകരിക്കുകയും നടപടിയെടുക്കണമെന്ന് കോളേജ് മാനേജ്മെന്റിനോട് നിർദേശിക്കുകയും ചെയ്തു. നന്ത്യത്ത് ഗോപാലകൃഷ്ണനിൽനിന്ന് പല വിദ്യാർഥികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പരാതിപ്പെടാൻ ആരും തയ്യാറായിരുന്നില്ല.