ചെങ്ങന്നൂർ: മാളവികയ്ക്ക് പിന്നാലെ ഭർത്താവ് നന്ദഗോപനും സിവിൽ സർവീസിലേയ്ക്ക്. ഇത് ചെങ്ങന്നൂർ കീഴ്ചേരിമേൽ ശാസ്താംകുളങ്ങര ചുനാട്ട് മഞ്ജീരം വീടിന് ഇരട്ടിമധുരമായി. ദീർഘനാളത്തെ പ്രയത്നത്തിനൊടുവിൽ ഡോ. എം നന്ദഗോപൻ സിവിൽ സർവീസ് പരീക്ഷയിൽ 233-ാം റാങ്ക് നേടിയപ്പോൾ ഒപ്പം എഴുതിയ ഭാര്യ മാളവിക ജി നായരും 172-ാം റാങ്കോടെ പട്ടികയിൽ കയറി. മാളവിക 2019 ൽ സിവിൽ സർവീസ് എൻട്രൻസിൽ 118-ാം റാങ്ക് നേടിയിരുന്നു. ഐഎഎസ് എന്ന സ്വപ്നം നേടാനാണ് വീണ്ടും പരീക്ഷയെഴുതിയത്. നന്ദഗോപൻ ആറാമത്തെ പ്രയത്നത്തിലാണ് പട്ടികയിൽ ഇടം പിടിച്ചത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ചീഫ് മാനേജർ ആർ മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ. പ്രതിഭയുടെയും മകനാണ് നന്ദഗോപൻ. കോട്ടയം മെഡിക്കൽ കോളേജിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പത്തനംതിട്ട ജില്ലാ മാനസിക ആരോഗ്യ പരിപാടി മെഡിക്കൽ ഓഫീസറാണ്. തിരുവല്ല മുത്തൂർ ഗോവിന്ദനിവാസിൽ കെഎഫ്സി റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ കെ ജി അജിത്ത്കുമാറിന്റെയും ഡോ. ഗീതാലക്ഷ്മിയുടെയും മകളാണ് മാളവിക. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എൻജിനിയറിങ് ബിരുദം നേടി. ഇപ്പോൾ മംഗളൂരുവിൽ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണറാണ്.
2020 ലായിരുന്നു ഇവരുടെ വിവാഹം. നന്ദഗോപൻ മലയാള സാഹിത്യമാണ് ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത്. മാളവിക സോഷ്യോളജിയും. പരീക്ഷയ്ക്കായി ഒന്നിച്ച് തയ്യാറെടുത്തത് കൂടുതൽ പ്രയോജനമായെന്ന് ഇരുവരും പറഞ്ഞു