പാലക്കാട് : പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിനുള്ള വെള്ളം നൽകാതെ തമിഴ്നാട്. ഇതോടെ ആളിയാറിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചുള്ള പാലക്കാട്ടെ ഒന്നാം വിള നെൽകൃഷി അവതാളത്തിലായിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ വെള്ളമെത്തിയില്ലെങ്കിൽ കൃഷി മുടങ്ങുമോ എന്ന ആശങ്കയിലാണ് പതിനായിരത്തോളം കർഷകർ.
പാലക്കാടൻ പാടങ്ങളിൽ ഇപ്പോൾ വിത്ത് വിതയ്ക്കേണ്ട സമയമാണ്. എന്നാൽ ആളിയാറിൽ നിന്ന് വെള്ളം എത്താത്തതിനാൽ ഭൂരിഭാഗം പാടങ്ങളിലും നിശ്ചലാവസ്ഥയാണ്. മെയ് 15 മുതൽ ജൂൺ 30 നകം കേരളത്തിന് ഒന്നാം വിള കൃഷിക്കായി ആളിയാറിൽ നിന്ന് കിട്ടേണ്ടത് 900 ദശലക്ഷം ഘനയടി വെള്ളമാണ്. എന്നാൽ നിലവിൽ സെക്കന്റിൽ 70 ക്യു സെക്സ് വെള്ളം വീതമാണ് ആളിയാറിൽ നിന്ന് ആകെ പുറത്തു വിടുന്നത്. വെള്ളമില്ലെന്ന വാദമാണ് തമിഴ്നാട് ഉയർത്തുന്നത്. ഇതോടെ ചിറ്റൂർ പുഴ പദ്ധതി പ്രദേശത്തെ നെൽ കർഷകർ പ്രതിസന്ധിയിലാണ്. അതേ സമയം പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും കർഷകരുടെ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു.