ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രീയ വത്ക്കരിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമ മന്ത്രി അമിത് ഷാ. ” നമ്മൾ ഈ വിഷയത്തെ രാഷ്ട്രീയ വത്കരിക്കാൻ പാടില്ല. ആളുകൾ എങ്ങനെ വേണമെങ്കിലും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യട്ടെ” അമിത്ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പരിപാടി ബഹിഷ്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അമിത്ഷായുടെ പ്രതികരണം.
രാഷ്ട്രപതിക്കു പകരം ഉദ്ഘാടന ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കക്ഷികൾ പരിപാടി ബഹിഷ്കരിക്കുന്നത്. രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, എസ്.പി, സി.പി.ഐ, ജെ.എം.എം, കേരള കോൺഗ്രസ് മാണി, വി.സി.കെ, ആർ.എൽ.ഡി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യു, എൻ.സി.പി, ആർ.ജെ.ഡി, മുസ് ലിം ലീഗ്, നാഷണൽ കോൺഫറൻസ്, ആർ.എസ്.പി, എം.ഡി.എം.കെ എന്നീ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിലൂടെ ബഹിഷ്കരണം പ്രഖ്യാപിച്ചത്. ബി.ജെ.പി ഭരണ കൂടം ജനാധിപത്യത്തിന്‍റെ ആത്മാവിനെ ഇല്ലാതാത്തിയെന്ന് പ്രതിപക്ഷം ഇല്ലാതാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
രാഷ്ട്രപതിയെ നോക്കുക്കുത്തിയാക്കി ജനാധിപത്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുകയാണ്. ഏകാധിപതിയായ പ്രധാനമന്ത്രി തനിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഒരു പരിപാടി മാത്രമാണിത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിഷേധം അറിയിക്കുന്നതെന്നും പാർട്ടികൾ വ്യക്തമാക്കി.
19 പാർട്ടികളെ കൂടാതെ സി.പി.എമ്മും ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ബി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി എന്നിവ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബഹിഷ്കരണം സംബന്ധിച്ച് നാളെ തീരുമാനം പ്രഖ്യാപിക്കുമെന്നും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും ബി.ആർ.എസ് എം.പി കെ. കേശവ റാവു വ്യക്തമാക്കി.
ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കറുടെ ജന്മവാർഷിക ദിനമായ മേയ് 28നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നത്. കോവിഡ്കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.