കൊച്ചി∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം.ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.ഷാജി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്.
തനിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു കെ.എം.ഷാജിയുടെ വാദം. ഹർജി മൂന്നുമാസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയിൽ വിജിലൻസ് കോടതി നിർദേശപ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഷാജിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമിച്ചു എന്നായിരുന്നു പരാതി.