തിരുവനന്തപുരം> മലയാളി യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 382 കോളേജുകളിൽ ടൂറിസം ക്ലബ്ബ് ആരംഭിച്ചു. 18,000 പേർ അംഗങ്ങളായി. www.tourismclubkerala.org എന്ന വെബ്‌സൈറ്റ് മുഖേന ടൂറിസം ക്ലബ് ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കും.
കേരളത്തിലുള്ള എല്ലാ വിഭാഗം കോളജുകൾക്കും അപേക്ഷിക്കാം. ഓരോ കോളജുകളും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ദത്ത് വില്ലേജുകളായി തിരഞ്ഞെടുക്കണം. അവയുടെ പരിപാലന ചുമതല ക്ലബ്ബുകൾക്കായിരിക്കും. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ടൂറിസത്തിന്റെ വികസന സാധ്യതൾക്ക് വഴിയൊരുക്കും. ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടെ കേരളം ഇടംപിടിക്കുന്നതും വിദേശ സഞ്ചാരികൾ ഇവിടേക്ക് വരുന്നതും ഈ നാടിന്റെ പ്രത്യേകതകൊണ്ടുകൂടിയാണ്. ഇവിടത്തുകാരുടെ ആഥിത്യ മര്യാദ, മതേതര നിലപാടുകൾ തുടങ്ങിയവയാണ് ‘കേരള സ്‌റ്റോറി’യായി സഞ്ചാരികൾ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.