അമ്പലപ്പുഴ: ആലപ്പുഴിൽ വാഹനാപകടത്തിൽ തകർന്ന വാഹനങ്ങൾ ദേശീയ പാതയോരത്ത് തന്നെ കിടന്ന് നശിക്കുന്നു. ഇവ വീണ്ടും അപകടമുണ്ടാക്കുമെന്ന ആശങ്കയിലും നടപടി സ്വീകരിക്കാതെ അധികൃതർ. ദേശീയ പാതയോരത്ത് കാക്കാഴം, നീർക്കുന്നം പ്രദേശങ്ങളിലാണ് വീണ്ടും വലിയ ദുരന്തത്തിന് വഴി വെച്ച് വാഹനങ്ങൾ റോഡരികിൽ കിടക്കുന്നത്. കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് ഭാഗത്തായി അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളാണ് യാത്രക്കാർക്ക് ദുരിതം വിതച്ച് കിടക്കുന്നത്.
മാസങ്ങൾക്കു മുൻപ് 5 പേരുടെ മരണത്തിനിടയാക്കിയ കാറും ഏപ്രിൽ 20ന് തടി ലോറിയിലിടിച്ച മിനി ലോറിയുമാണ് മറ്റ് വാഹനങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ കിടക്കുന്നത്. സാധാരണ അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ് പതിവ്. അല്ലെങ്കിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സമാകാത്ത തരത്തിൽ റോഡരികിൽ നിന്ന് നീക്കിയിടും. എന്നാൽ ഇവിടെ രണ്ട് വാഹനങ്ങളും റോഡിനോടു ചേർന്നു തന്നെയാണ് കിടക്കുന്നത്. മിനി ലോറി പാലത്തിന്റെ ഇറക്കത്തിൽത്തന്നെ കിടക്കുന്നത് വടക്കു ഭാഗത്തേക്കു പോകുന്ന യാത്രക്കാർക്ക് കാഴ്ച തടസ്സമായാണ് കിടക്കുന്നത്.
ഈ വാഹനം കിടക്കുന്നത് മൂലം സമീപത്തെ കടകളിലേക്ക് ആർക്കും കയറാൻ കഴിയാത്ത അവസ്ഥയുമായി. ഒരാഴ്ച കഴിയുമ്പോൾ സ്കൂൾ തുറക്കുന്നതോടെ കാക്കാഴം സ്ക്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും സ്കൂളിലേക്ക് പോകാനും കഴിയാതെ വരും. നീർക്കുന്നം ഇജാബ മസ്ജിദിന് കിഴക്കു വശം ഒരാളുടെ മരണത്തിനിടയാക്കിയ കാർ ഇപ്പോഴും ദേശീയ പാതയോരത്തു തന്നെയാണ് കിടക്കുന്നത്. ഇതിലുടെ കാൽ നടയാത്രക്കാർക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായി. എതിരെ വാഹനം വന്നാൽ ഈ ഭാഗത്തേക്ക് മാറ്റാനും കഴിയാത്ത സ്ഥിതിയാണ്. അപകടത്തിൽപ്പെട്ട ഇത്തരം വാഹനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.