കോഴിക്കോട്: മഴക്കാലവും പുതിയ അധ്യയന വർഷവും തുടങ്ങുമ്പോൾ വിദ്യാർഥികളുടെയടക്കം യാത്ര സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന ജില്ലയിൽ തുടങ്ങി. ജില്ലയിലെ സ്വകാര്യ ബസുകളാണ് ബുധനാഴ്ച വ്യാപകമായി പരിശോധിച്ചത്. ചക്രങ്ങൾ, വാതിലുകൾ, ഫയർ സേഫ്റ്റി ഉപകരണങ്ങൾ, ഫസ്റ്റ് എയ്ഡ് ബോക്സുകൾ തുടങ്ങിയവയാണ് പ്രധാനമായി പരിശോധിച്ചത്.
മൊഫ്യൂസിൽ സ്റ്റാൻഡിൽ വാഹന പരിശോധന ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജു ഫ്ലാഗ് ഓഫ് ചെയ്തു. ട്രാഫിക് എ.സി.പി എ.ജെ. ജോൺസൺ, കോഴിക്കോട് ആർ.ടി.ഒ പി.ആർ. സുമേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ട്രാഫിക് പൊലീസുമായി സഹകരിച്ചാണ് പരിശോധന. സ്കൂൾ, കോളജ് വാഹനങ്ങളുടെയും കാര്യക്ഷമത പരിശോധിക്കും. താലൂക്ക് തലങ്ങളിൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ഉടൻ നടക്കും.
പരിശോധന ക്യാമ്പുകളിൽ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിപ്പിക്കാത്ത വാഹനങ്ങൾ സ്കൂൾ ഡ്യൂട്ടിക്ക് അനുവദിക്കില്ല. കൂടുതൽ ബസുകളുള്ള സ്കൂളുകളിൽ മോട്ടോർ വാഹന വകുപ്പ് നേരിട്ടെത്തും. കൂടാതെ 30ന് ഡ്രൈവർമാർക്കുള്ള പ്രത്യേക ബോധവത്കരണ ക്ലാസും നടത്തും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. വാഹനത്തിൽ സർട്ടിഫിക്കറ്റ് ഉണ്ടാവണം.
സ്കൂളുകളിലെയും വിദ്യാർഥികളുടെ പേരു വിവരങ്ങളും യാത്ര ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങളും പൊലീസിന് കൈമാറാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. റൂട്ട് ഓഫിസർ ആയി സ്കൂൾ വാഹനങ്ങളിൽ അധ്യാപകനോ അനധ്യാപകനോ വേണം. ബസിൽ രണ്ട് ഭാഗത്തും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് എന്ന് എഴുതി പ്രദർശിപ്പിക്കണം. 50 കിലോമീറ്ററിലധികം വേഗം പാടില്ല. ഇതിനായി സ്പീഡ് ഗവേണർ വേണം.