കോഴിക്കോട്: റോയ് തോമസ് കൊലക്കേസിൽ മൂന്നാം സാക്ഷിയും ഒന്നാം പ്രതി ജോളിയുടെ മകനുമായ റെമോ റോയിയുടെ എതിർവിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി. ഒരു ദിവസം നീണ്ട വിസ്താരത്തിൽ സാക്ഷി പ്രോസിക്യൂഷന് നൽകിയ മൊഴിയിൽ ഉറച്ചുനിന്നു.ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ ബി.എ. ആളൂർ രണ്ടാംപ്രതിക്കായി അഡ്വ. എം. ഷഹീർ സിങ് എന്നിവർ സാക്ഷിയെ എതിർ വിസ്താരം ചെയ്യു. വസ്തു തർക്കത്തെ തുടർന്ന് റോയ് തോമസിന്റെ സഹോദരങ്ങളുടെ നിർബന്ധത്താൽ കളവായി മൊഴി കൊടുക്കുകയെന്നായിരുന്നു പ്രതികളുടെ വാദം.
ഇത് സാക്ഷി നിഷേധിച്ചു. പിതാവിന് കടബാധ്യതകൾ ഇല്ലായിരുന്നെന്നും ദുരൂഹമരണങ്ങൾ അന്വേഷിക്കണമെന്ന് മാത്രമാണ് പരാതി ഉണ്ടായിരുന്നതെന്നും പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ അമ്മ പരിഭ്രാന്തി കാട്ടിയെന്നും റെമോ മൊഴി നൽകി.തനിക്ക് അമ്മയോടുള്ള വിരോധം കാരണമാണ് അമ്മക്കെതിരെ മൊഴി കൊടുക്കുന്നതെന്ന പ്രതിഭാഗം വാദം റെമോ നിഷേധിച്ചു. നാട്ടുകാരുടെ മുന്നിൽ ആളാകാനും മാധ്യമങ്ങളുടെ പ്രീതി ലഭിക്കാനുമാണ് അമ്മക്കെതിരെ മൊഴി കൊടുക്കുന്നതെന്ന വാദവും നിഷേധിച്ചു.
കോടതി മുമ്പാകെ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും ഇതേകാര്യങ്ങൾ താൻ പൊലീസിലും മജിസ്ട്രേറ്റ് മുമ്പാകെയും 2019ൽ തന്നെ പറഞ്ഞിരുന്നുവെന്നും മൊഴിനൽകി. മാത്യൂ കുഴൽനാടൻ ഉൾപ്പെടെയുള്ളവർക്ക് തന്റെ പിതാവ് പണം നൽകാനുണ്ടെന്ന വാദം റെമോ നിഷേധിച്ചു.
നേരത്തേ ഒന്നാംപ്രതി എതിർവിസ്താരം ചെയ്യാതിരുന്ന സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന ഒന്നാം പ്രതിയുടെ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.