മമ്പാട്: 11 കെ.വി ലൈനിൽനിന്ന് ഷോക്കേറ്റ് വീണ കുരങ്ങനെ രക്ഷപ്പെടുത്തി. വടപുറം വള്ളിക്കെട്ട് റോഡിലാണ് സംഭവം. സമീപവാസി അറിയിച്ചത് പ്രകാരം എമർജൻസി റെസ്ക്യു ഫോഴ്സ് അംഗം ടി. നജുമുദ്ദീൻ ഉടൻ കുരങ്ങിനെ വടപുറം മൃഗാശുപത്രിയിൽ എത്തിച്ചു.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ആർ. സതീഷ് കൃത്രിമ ശ്വാസം നൽകി അപകട നിലയിൽനിന്ന് രക്ഷപ്പെടുത്തി. തുടർന്ന് അടിയന്തര വൈദ്യ സഹായവും നൽകി. അപകടനില തരണം ചെയ്ത കുരങ്ങിനെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന് കൈമാറി. ഷോക്കടിച്ചപ്പോൾ കൈയിൽ ഉണ്ടായ പൊള്ളൽ പൂർണമായി മാറാൻ ദിവസങ്ങൾ വേണ്ടി വരും. ഇതിനായി കുരങ്ങനെ നിരീക്ഷണത്തിൽ വെച്ച് ചികിത്സ നൽകും.
ഇ.ആർ.എഫ് അംഗങ്ങളായ കെ.എം. അബ്ദുൽ മജീദ്, ബിബിൻ പോൾ, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ വി. നാരായണൻ, നിഷ പുല്ലാനി എന്നിവരും സഹായത്തിന് ഉണ്ടായിരുന്നു.