തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു. തിരുവനന്തപുത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാന്‍ പോവുന്നത്. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു.
ആറ് മാസത്തിനുള്ളില്‍ തന്നെ ടൂറിസ്റ്റ് വില്ലേജില്‍ ഒന്നേകാല്‍ ലക്ഷത്തോളം സഞ്ചാരികള്‍ സന്ദര്‍ശിക്കുകയും ഒരു കോടിയില്‍ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിന്‍ സര്‍വ്വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്സ് പാര്‍ക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.