തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ സഹപാഠി പെണ്‍കുട്ടിയെ ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ആന്ധ്രാ സ്വദേശി ലോഹിത കസ്റ്റഡിയില്‍. ആക്രമണത്തിന് ഇരയായത് ആന്ധ്രാ സ്വദേശിയായ ദീപികയാണ്. ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ് തര്‍ക്കത്തിനും ആക്രമണത്തിനും കാരണമെന്ന് പോലീസ് പറയുന്നു. ഇന്‍ഡക്ഷന്‍ സ്റ്റവ്വില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രം ചൂടാക്കിയാണ് പൊള്ളിച്ചത്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് തലക്കടിച്ചും പരിക്കേല്‍പ്പിച്ചു.
രണ്ടുപേരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം. ബിഎസ്സി അഗ്രികള്‍ച്ചര്‍ കോഴ്സിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനികളാണ് ഇവര്‍. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കഴിഞ്ഞ 18 നാണ് സംഭവം നടന്നത്. തുടക്കത്തില്‍ പരാതി നല്കാന് ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോയി. കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളല്‍ കണ്ട ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന്, അവര്‍ക്കൊപ്പം എത്തിയാണ് കുട്ടി പരാതി നല്‍കിയത്.