കൊല്ലം: കൊല്ലം നീണ്ടകരയില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയവര്‍ക്ക് പടത്തിക്കോര എന്ന സ്വര്‍ണമല്‍സ്യം ലഭിച്ചു. നീണ്ടകര സ്വദേശി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പടത്തിക്കോരയെ ലഭിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ മീന്‍ പിടിക്കാന്‍ പോയവര്‍ക്കാണ് പടത്തിക്കോരയെ ലഭിച്ചത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെ നീണ്ടകര ഹാര്‍ബറില്‍ എത്തിച്ച് പടത്തിക്കോര ലേലത്തിന് വെച്ചതോടെ ആവശ്യക്കാര്‍ കൂടി. ലേലം കനത്തതോടെ വിലയും കുതിച്ചുയര്‍ന്നു.
ആവേശകരമായ ലേലത്തിനൊടുവില്‍ കാവനാട് ബൈപ്പാസിന് സമീപം എ.ഐ.എം ഫിഷറീസ് ഉടമ ബിജു 78000 രൂപയ്ക്ക് പടത്തിക്കോരയെ സ്വന്തമാക്കി. ഇതിന് ഏകദേശം 20 കിലോഗ്രാമോളം തൂക്കം ഉണ്ടായിരുന്നു. അതിസങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള ഓപ്പറേഷനുകള്‍ക്ക് തുന്നല്‍ ഇടുന്നതിനുള്ള നൂല്‍ പടത്തിക്കോരയുടെ ശരീരത്തിലെ പളുങ്ക് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. 20 കിലോ ഭാരമുള്ള പടത്തിക്കോരയില്‍ 300 ഗ്രാമില്‍ കൂടുതല്‍ പളുങ്ക് കാണുമെന്ന് വിദഗ്ദര്‍ പറയുന്നു. ബിജു ലേലത്തില്‍ പിടിച്ച പടത്തിക്കോരയെ ബുധനാഴ്ച തന്നെ മുംബൈയിലുള്ള സ്വകാര്യ കമ്പനിക്ക് വിറ്റു. ഇന്നലെ വൈകിട്ടോടെ പടത്തിക്കോരയെ മുംബൈയിലേക്ക് കയറ്റി അയച്ചു.