ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് പ്ലസ് സുരക്ഷ നല്‍കി. രാജ്യത്തുടനീളം ഈ സുരക്ഷാ പരിരക്ഷ ബാധകമായിരിക്കും. ഉയര്‍ന്ന സുരക്ഷ നല്‍കാന്‍ കേന്ദ്രം സിആര്‍പിഎഫിനോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പഞ്ചാബ് പോലീസ് സംരക്ഷണം കൂടാതെ, മുഖ്യമന്ത്രിയുടെ വീടിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്ന് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടെ കേന്ദ്ര ഇന്റലിജന്‍സും സുരക്ഷാ ഏജന്‍സികളും ചേര്‍ന്ന് മാനിന് ഈ സുരക്ഷാ കവചം ശുപാര്‍ശ ചെയ്യുകയായിരുന്നു. മാര്‍ച്ചില്‍ ഭഗവന്ത് മാനിന്റെ മകള്‍ക്ക് ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നു. യുഎസില്‍ താമസിക്കുന്ന മാന്റെ മകള്‍ സീരത് കൗര്‍ മാനെ ഖാലിസ്ഥാന്‍ അനുകൂലികള്‍ വിളിച്ച് അസഭ്യം പറഞ്ഞതായി പട്യാല ആസ്ഥാനമായുള്ള അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു.