നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ഏത് തരത്തിലുള്ളവയാണോ, അത് അനുസരിച്ചാണ് വലിയൊരളവ് വരെ നമ്മുടെ ആരോഗ്യവും മുന്നോട്ടുപോവുക. അത്രമാത്രം ഭക്ഷണത്തിന് ആരോഗ്യവുമായി ബന്ധമുണ്ട്.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ ഡയറ്റില്‍ നിന്ന് പല ഭക്ഷണങ്ങളും ഒഴിവാക്കാറുണ്ട്. അതേസമയം ചില ഭക്ഷണങ്ങള്‍ അവര്‍ ഡയറ്റിലുള്‍പ്പെടുത്തുകയും ചെയ്യും. ഇത് വളരെ ശ്രദ്ധയോടെ ആരോഗ്യത്തിന് അത്രയും ഗുണകരമാകുമെന്ന് ഉറപ്പുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങളായിരിക്കാം.
അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മല്ലിയിലയിട്ടാണ് ഇത് തയ്യാറാക്കുന്നത്. മല്ലിയില മാത്രം മതി ഇത് തയ്യാറാക്കാൻ. അത്രയും എളുപ്പത്തില്‍ ചെയ്യാമെന്ന് സാരം.
മല്ലിയില, സാധാരണഗതിയില്‍ വിവിധ വിഭവങ്ങള്‍ അലങ്കരിക്കാനും ചെറിയ രീതിയില്‍ ഫ്ളേവറും രുചിയും കിട്ടാനുമെല്ലാമാണ് അധികപേരും ഉപയോഗിക്കാറ്. എന്നാല്‍ മല്ലിയില അലങ്കാരത്തിനോ ഗന്ധത്തിനോ വേണ്ടി മാത്രം ഉപയോഗിക്കാവുന്ന ഒന്നല്ല, ഇതിന് പല ഗുണങ്ങളുമുണ്ട്.
മല്ലിയിലയുടെ ഗുണങ്ങള്‍…
മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ-എ, വൈറ്റമിൻ സി, ആന്റി-ഓക്സിഡന്റ്സ് എന്നിവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പല എസൻഷ്യല്‍ ഓയിലുകളുടെയും ആസിഡുകളുടെയും ഗുണമുണ്ട് ഇതിന്. അചിനാല്‍ തന്നെ ചര്‍മ്മത്തിനും മുടിക്കുമെല്ലാം ഇത് ഗുണകരമാണ്.
മല്ലിയിലയിലുള്ള അയേണാകട്ടെ വിളര്‍ച്ചയെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നു. എല്ലാത്തിനും പുറമെ ശരീരത്തില്‍ തണുപ്പ് നല്‍കാനും ഇത് സഹായിക്കുന്നതാണ്. അതുകൊണ്ടാണ് വേനലില്‍ സംഭാരം തയ്യാറാക്കുമ്പോള്‍ പലരും പുതിനയിലയും മല്ലിയിലയുമെല്ലാം ഇതില്‍ ചേര്‍ക്കുന്നത്.
എന്തുകൊണ്ട് വണ്ണം കുറയ്ക്കാൻ മല്ലിയില?
ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് മല്ലിയില സഹായിക്കുന്നു. ദഹനം എളുപ്പത്തിലാക്കുന്നതിലൂടെയും ഇത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പോസിറ്റീവായ ഫലം നല്കുന്നു.
നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുത്ത് – ദഹനം നടത്തി- ബാക്കി വരുന്നവ വിസര്‍ജ്ജ്യമാക്കി മാറ്റി പുറന്തള്ളുന്ന ഏറ്റവും വലിയ പ്രക്രിയയെ പോസിറ്റീവായി സ്വാധീനിക്കാൻ മല്ലിയിലക്ക് കഴിയും.
വിശപ്പിനെ അടക്കിനിര്‍ത്താനും, ശരീരത്തില്‍ നിന്ന് അധികമായിരിക്കുന്ന വെള്ളത്തെ പുറന്തള്ളുന്നതിനും , ഷുഗര്‍ നില നിയന്ത്രിക്കുന്നതിനുമെല്ലാം മല്ലിയില സഹായിക്കുന്നു. ഇതെല്ലാം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫലം നല്‍കുന്നതാണ്.
എങ്ങനെ തയ്യാറാക്കാം?
വളരെ ലളിതമായി ഈ പാനീയം തയ്യാറാക്കാം. ഒരു പിടി മല്ലിയിലയെടുത്ത് ചെറുതായി മുറിക്കണം. ശേഷം ഇത് വെള്ളത്തില്‍ മുക്കി വച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. രാത്രി മുഴുവൻ ഇങ്ങനെ വച്ച്, രാവിലെ ഇതിന്റെ വെള്ളം ഊറ്റി കുടിക്കുകയാണ് വേണ്ടത്. കഴിയുമെങ്കില്‍ വെറുംവയറ്റില്‍ തന്നെ കുടിക്കുക.