ദില്ലി: രാജസ്ഥാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് യോഗം ഇന്ന്. മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിൻ പൈലറ്റിനെയും ദില്ലിക്ക് വിളിപ്പിച്ചു. ഉച്ചക്ക് ശേഷമാകും ചർച്ച. അഴിമതിയോടുള്ള ഗലോട്ട് സർക്കാരിന്റെ നിലപാട് പുനഃപരിശോധിക്കുക, രാജ്സ്ഥാൻ പിഎസ്സി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ സച്ചിൻ മുമ്പോട്ട് വച്ചിരുന്നു. തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് മുൻപ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.
അതിനിടെ, ഹൈക്കമാൻഡ് യോഗം നടക്കാനിരിക്കേ സച്ചിൻ പൈലറ്റിൻ്റെ ആവശ്യം തള്ളി അശോക് ഗലോട്ട് രംഗത്തെത്തി. പി എസ് സി ചോദ്യപേപ്പർ ചോർച്ചയിൽ നഷ്ടപരിഹാരം നൽകണമെന്ന നിലപാട് പരിഹാസ്യമെന്ന് ഗലോട്ട് പറഞ്ഞു. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത വിഷയമാണ് ചിലർ വിവാദമാക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ വേണ്ട നിയമനടപടിയെടുത്തിട്ടുണ്ടെന്നും ഗലോട്ട് കൂട്ടിച്ചേർത്തു. ചോദ്യപേപ്പർ ചോർച്ചയിൽ പി എസ് സി പിരിച്ചുവിട്ട് ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് സച്ചിൻ്റെ ആവശ്യം.