കോഴിക്കോട്> ക്രൂരമായി കൊലചെയ്യപ്പെട്ട തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന് പ്രതികളുമായുള്ള ബന്ധത്തിൽ അടിമുടി ദുരൂഹത. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അതിലേക്കുള്ള കാരണം വ്യക്തമല്ല. 21ഉം 18ഉം പ്രായമുള്ള പ്രതികൾ അരും കൊലയാണ് നടത്തിയത്. അതിന് ഇവർക്ക് ക്രിമിനൽ സംഘങ്ങളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല.
കൊലപാതകത്തിന് ശേഷം പ്രതികൾ സിദ്ദിഖിന്റെ എടിഎം ഉപയോഗിച്ച് തുടർച്ചയായി പണമെടുത്തിട്ടുണ്ട്. ഇതിൽ നിന്നും പ്രതികളുടെ ലക്ഷ്യം പണം തട്ടലായിരുന്നുവെന്ന് വ്യക്തം. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ കഴിഞ്ഞ 18ന് സിദ്ദിഖ് രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു. ഇതിൽ ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമായിരുന്നു ഉണ്ടായിരുന്നത്. ജി 4ൽ സിദ്ദിഖും. ഈ മുറിയിൽ വച്ചാണ് കൊലപതാകം നടന്നത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലേക്ക് മാറ്റുകയായിരുന്നു.