സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കിയതോടെ ഏറെ പ്രയാസം നേരിടുകയാണ് പ്രവാസികളും സന്ദര്‍ശകരും. നിയമം പിന്‍വലിക്കുകയോ, വിരലടയാളം രേഖപ്പെടുത്താന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. എന്നാല്‍ ജനപ്രതിനിധികളും മുഖ്യധാരാ സംഘടനകളും ഈ വിഷയത്തില്‍ മൌനം പാലിക്കുന്നതില്‍ പ്രവാസികള്‍ക്ക് പ്രതിഷേധവുമുണ്ട്.
വിസിറ്റ് വിസയ്ക്ക് പുറമെയാണ് ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കിയത്. വി.എഫ്.എസ് ഓഫീസില്‍ യാത്രക്കാര്‍ നേരിട്ടെത്തി വിരലടയാളം നല്‍കിയാല്‍ മാത്രമേ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ എന്നാണ് മുംബെ സൗദി കോണ്‍സുലേറ്റിന്റെ അറിയിപ്പ്. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണു വി.എഫ്.എസ് കേന്ദ്രമുള്ളത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ വിരലടയാളം നല്‍കാനായി കൊച്ചിയില്‍ എത്തണം. തിരക്ക് കാരണം വിരലടയാളം നല്‍കാന്‍ ഇപ്പോള്‍ ഒരു മാസത്തിനു ശേഷമാണ് അപ്പോയിന്‍മെന്റ് ലഭിക്കുന്നത്. ഇത് പലരുടേയും ജോലി നഷ്ടപ്പെടാനും സന്ദര്‍ശനം മുടങ്ങാനും കാരണമാകുമെന്നാണ് പരാതി. സൗദിയിലെ ഓള്‍ കേരളാ പ്രവാസി അസോസിയേഷന്‍ മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഇതുസംബന്ധമായ പരാതി നല്‍കിയിട്ടുണ്ട്.
ട്രാവല്‍ ഏജന്‍സികളും ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധമായ പരാതി നല്‍കിയിട്ടുണ്ട്. നിയമം പിന്‍വലിക്കുകയോ, സൗദി യാത്രക്കാര്‍ കൂടുതലുള്ള ജില്ലകളില്‍ വി.എഫ്.എസ് കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് വരെ നിയമം നടപ്പിലാക്കാതിരിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ സൗദി യാത്രക്കാര്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ വലിയ തോതിലുള്ള പ്രയാസം നേരിട്ടിട്ടും നാട്ടിലെ ജനപ്രതിനിധികളോ സൗദിയിലെ മുഖ്യധാരാ സംഘടനകളോ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല എന്ന പരാതിയും ഉയരുന്നുണ്ട്.