തിരുവനന്തപുരം∙ ഭൂകമ്പ ദുരിതാശ്വാസമായി തുർക്കിക്ക് 10 കോടി രൂപ സംസ്ഥാന സർക്കാര് കേന്ദ്രത്തിന് കൈമാറി. വിദേശകാര്യമന്ത്രാലയം വഴി തുക നൽകും. തുർക്കിക്ക് 10 കോടി രൂപ നൽകാൻ തീരുമാനിച്ച കാര്യം ഫെബ്രുവരി 17ന് സംസ്ഥാനം വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. തുടർന്ന് തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. കേരളത്തിന്റെ വിഹിതമാണെന്ന് അറിയിച്ച് തുക കൈമാറാമെന്നും അറിയിച്ചു. തുക അനുവദിച്ചുകൊണ്ട് ഏപ്രിൽ നാലാം തീയതി ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് സംസ്ഥാന സർക്കാർ, വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറിയത്.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ബജറ്റിലാണ് തുർക്കിക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് വന്ന സഹായത്തെ നന്ദിയോടെ ഓർക്കുകയാണെന്ന് ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. തുർക്കിയിലെ ഭൂകമ്പത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് മരിച്ചത്.