സ്കൂൾ അസംബ്ലിക്കിടെ അധ്യാപകൻ 30 കുട്ടികളുടെ മുടി മുറിച്ചതായി പരാതി. അസമിലെ മജുലി ജില്ലയിലാണ് അച്ചടക്കത്തിന്റെ പേരിലുള്ള നടപടി. സംഭവത്തിൽ ജില്ല ഡെപ്യൂട്ടി കമീഷണർ കാവേരി ശർമ അന്വേഷണത്തിന് ഉത്തരവിടുകയും ഉടൻ റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയും ചെയ്തു.കുട്ടികൾ മുടി നീട്ടി വളർത്തിയിരുന്നെന്നും സ്കൂളിൽ ഇത് അനുവദനീയമല്ലാത്തതിനാൽ നിരവധി തവണ മുന്നറിയിപ്പ് നൽകുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിട്ടും അനുസരിക്കാത്തതിനാലാണ് മുറിച്ചതെന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു. സംഭവത്തെ തുടർന്ന് വിദ്യാർഥികൾ ക്ലാസിൽ കയറാൻ വിസമ്മതിച്ചിരുന്നു.
സ്കൂൾ അധികൃതർക്ക് അച്ചടക്ക നടപടികൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്നും എന്നാൽ അസംബ്ലിയിൽ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് മുടി മുറിച്ചത് കുട്ടികളെ അപമാനിക്കലാണെന്നും രക്ഷിതാക്കൾ പ്രതികരിച്ചു. പലരും കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നും അപമാനം കാരണം സ്കൂളിൽ പോകാൻ തയാറല്ലെന്നാണ് പറയുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു.